അച്ഛന്റെ മണം (കഥ)  

എ. ആർ. ബിമൽ

Published on manoramaonline

SEPTEMBER 17, 2022 12:52 PM IST

നുമോദനയോഗം തുടങ്ങാൻ വൈകും”.

സംഘാടകാരിലാരോ വന്നു പറഞ്ഞു. മഴയാണു കാരണം.

“വേനല്ക്കാലമാണെന്നു പറഞ്ഞിട്ടെന്തു കാര്യം, അടുത്തകാലത്തായി കാലാവസ്ഥക്ക് ബെല്ലും ബ്രേക്കു ഇല്ലന്നേ”. ഞാൻ അയാളെ നോക്കി ഒന്നുചിരിച്ചു.  സംഘാടകർ മഴ മാറാൻ കാത്തിരിക്കുകയാണ്.  

“മഴ ചതിക്കുവോ മാഷെ” ആരോ ചോദിക്കുന്നതുകേട്ടു.  

ഹെഡ്മാസ്റ്ററുടെ ഓഫീസ് റൂമിനു പുറത്തിറങ്ങി വരാന്തയിലെ ബെഞ്ചിലിരുന്നു. ശരിയാണ് മഴയുടെ ഭാവം എപ്പോൾ വേണമെങ്കിലും മാറിമറിയാം.

വരാന്തയിൽ മഴവകവെക്കാതെ കലപിലവെച്ചു കളിച്ചു തിമിർക്കുന്ന കുട്ടികൾ. മഴ ആസ്വദിക്കാൻ എനിക്കായില്ല. കണ്ണുകൾ ഇറുക്കിയടച്ചിരുന്നു. പുറത്തു മഴ താണ്ഡവമാടുകയാണ്.

ആദ്യമായി മഴ ചതിച്ചതു അച്ഛൻ മരിച്ച ദിവസമാണ്. മഴയെന്നു പറഞ്ഞാൽ പെരുമഴ. നിർത്താതെ, തോരാതെ, നിർദയയായി ഉറഞ്ഞു തുള്ളിയ മഴ. പറമ്പിലും തൊടിയിലും ഓലിയിലുമൊക്കെ കളിച്ചു നടന്നിരുന്ന കാലത്തു മഴയൊരു  കൂട്ടുകാരിയായിരുന്നു. ഇളം വെയിലു പോലെ. ഉഛ്വാസ വായു പോലെ നോവറിയാതെ അനുഭവിച്ചറിഞ്ഞ മഴകൾ. പക്ഷെ അച്ഛൻ മരിച്ച ദിവസം മഴയ്ക്ക് മറ്റേതോ ഭാവം.

വികാരിയച്ചൻ പിറുപിറുത്തു, “നാശം പിടിച്ച മഴ”.

കുരിശുപള്ളിയിലെ  പ്രധാന കൈക്കാരൻ അരിശം പൂണ്ടു പറഞ്ഞു, “ഒടുക്കത്തെ മഴ”. പിന്നെ ഓരോരുത്തരും.

ആദ്യമായി മഴയുടെചതി ഞാനും അന്നറിഞ്ഞു. പള്ളിയുടെ പുറകിലുള്ള പറമ്പിലാണ് കുഴി ഒരുക്കിയിരിക്കുന്നത്. മഴതോർന്നിട്ടുവേണം അച്ഛനെ യാത്രയാക്കാൻ. അന്യ മതസ്ഥരെ പള്ളി സെമിത്തേരിയിൽ അടക്കാറില്ല. പക്ഷെ ഇവിടെ ഒരു പുണ്ണ്യാത്മാവ്, ഒരുതുണ്ടു ഭൂമി പോലും സ്വന്തമായില്ലാത്ത, പ്രാണൻ പോയ മറ്റൊരു മനുഷ്യനോടു കാട്ടിയ ദയായാണ്. അതും ഒന്നല്ല രണ്ടുവട്ടം.  അച്ഛനു വേണ്ടി വെട്ടിയ കുഴിയിൽ മഴവെള്ളം നിറഞ്ഞെപ്പൊൾ ഉള്ളൊന്നു പിടഞ്ഞു. സുഹൃത്തല്ല, ശാപമാണ് മഴ. പന്ത്രണ്ടു വയസുകാരിയുടെ ആദ്യ തിരിച്ചറിവായിരുന്നു അത്.

മഴ പിന്നെയും പെയ്തു. അന്നെനിക്ക് പ്രായം പതിനാലു കഴിഞ്ഞിരിക്കാം. റോഡുവക്കിലെ പുറമ്പോക്കിൽ അച്ഛൻ പണ്ട് കെട്ടിയ ഓലപ്പുര പക പോക്കാനെന്നവണ്ണം വാശിയോടെ ചോർന്നൊലിക്കുകയാണ്. കുടിലിന്‍റെ മറ പൊളിച്ചു അകത്തു കടന്ന കാമഭ്രാന്തനു കൂട്ടുനിന്ന മഴ. ആ മഴയുടെ ശീൽക്കാരത്തിൽ  ഒരു അനാഥ പെണ്ണിന്‍റെ നിലവിളി  ആരും കേൾക്കാതെ പോയി. എന്നെ ബന്ദിയാക്കി ആ ചോർന്നൊലിക്കുന്ന കൂരയിൽ അയാൾ വേട്ടയാടിയത് മൂന്നു ദിവസമാണ്. ഒടുവിലയാൾക്കു പോകാൻ വേണ്ടിയാണോ മഴ തോർന്നത്? വേട്ടപ്പട്ടിയെപ്പോലെ കടിച്ചുകീറിയത് അയാൾ മാത്രമല്ല, മഴ കൂടിയാണ്.

മഴയ്ക്കു മാത്രമല്ല മനുഷ്യനും ഭാവഭേദങ്ങൾ ഉണ്ടെന്നും, മഴയത്തു മറ്റു പലതുകൂടി ഭയപ്പെടണമെന്നും, ഇളം പ്രായത്തിലെ മറ്റൊരു തിരിച്ചറിവായിരുന്നു. 

പിന്നീട് എത്രയോ രാത്രികളിൽ അതുപോലെ മഴ പെയ്തു. അനുവാദമില്ലാതെ അകത്തു വന്ന നീചന്മാർക്കും  പിശാചുക്കൾക്കും മഴ കുടപിടിച്ചു. ദയ കാണിച്ചവർ നന്നേ ചുരുക്കം. ഭക്ഷണം കഴിക്കാൻ വകയില്ലാതിരുന്ന എന്‍റെ വാ നാറുന്നു എന്ന് പറഞ്ഞു മുഖത്തടിച്ചവരും നാഭിക്കു തൊഴിച്ചവരും പക്ഷെ ഉളുപ്പില്ലാതെ കാര്യം സാധിച്ചുപോയി. എന്നെ ദ്രോഹിച്ച മഴ അവരെ ജ്ഞാനസ്നാനം ചെയ്തു. പാപങ്ങൾ കഴുകി കളഞ്ഞതു കൊണ്ടാവും അവർ വീണ്ടും എന്നെ ഉപദ്രവിക്കാനെത്തി.

ആരോ തോളത്തു തട്ടിയപ്പോഴാണു കണ്ണു തുറന്നത്.

സ്കൂൾ യൂണിഫോമിൽ ഒരു പെൺകുട്ടി. അവൾ ഒരു പുസ്‌തകം എന്‍റെ നേരെ നീട്ടി. ഞാനതു വാങ്ങി മറിച്ചുനോക്കി.  എന്‍റെ പേരെഴുതി അതിനു താഴെ അവളുടെ ഭംഗിയുള്ള ഒപ്പും.

അൻവർ അലിയുടെ മെഹബൂബ് എക്സ്പ്രസ്സ് എന്ന കവിതാ സമാഹാരമാണ്.  “മോളിത്  വായിച്ചിട്ടുണ്ടോ”. ഉണ്ടെന്നവൾ ആവേശത്തോടെ തലയാട്ടി. ബാഗിൽ നിന്ന് ഒരുപേപ്പറും പേനയുമെടുത്തു, എന്നിട്ടതിലെഴുതി.  

പ്രിയ പ്രസാദേട്ട, ഈ വരുന്ന കുട്ടിക്ക് അവൾക്കു വായിക്കാൻ പറ്റിയ കുറച്ചു പുസ്തകങ്ങൾ കൊടുക്കാണം.  ഞാൻ അതുവഴി വരുമ്പോൾ കാണാം. വിവരങ്ങൾ പറഞ്ഞ് കുറിപ്പ് ഏൽപ്പിക്കുമ്പോൾ അവൾക്കു ഭയങ്കര സന്തോഷമായി.  

ടൗണിലുള്ള ബുക്സ്റ്റാളിലെ ഈ പ്രസാദേട്ടനാണു എന്‍റെ മഴപ്പേടി മാറ്റാൻ  മഴപ്പുസ്തകങ്ങൾ വായിക്കാൻ തന്നത്. പേടിമാറിയില്ലെന്നു മാത്രം.   

ഞാൻ വീണ്ടും കണ്ണുകളടച്ചു.

മഴയുമായി കൂട്ടുകൂടി നടന്ന കാലത്തു അമ്മ കിടപ്പിലായിരുന്നു. ആരുടെയോ പറമ്പിൽ അച്ഛന് പാട്ടത്തിനു കൃഷിയുണ്ട്‌. പണിക്കും പോകും. പക്ഷെ കിട്ടുന്നതത്രയും അമ്മയുടെ അറിയപ്പെടാത്ത ദീനത്തിനു വേണ്ടിയാണു ചെലവിട്ടിരുന്നതെങ്കിലും ഭക്ഷണത്തിനു മുട്ടുണ്ടായിരുന്നില്ല. സ്‌കൂൾ വിട്ടുവരുമ്പോൾ അച്ഛൻ ചൂടുള്ള കഞ്ഞി തയാറാക്കി വച്ചിരിക്കും. പയറോ ചമ്മന്തിയോ എന്തെങ്കിലുമുണ്ടാകും  കൂട്ടിന്.

ജീവച്ഛവമായിരുന്ന അമ്മയുടെ എല്ലാ കാര്യവും നോക്കിയിരുന്നത് അച്ഛനാണ്. അന്ന് അച്ഛന്‍റെ പെടാപ്പാടൊന്നും ഞാനറിഞ്ഞിരുന്നില്ല. അടുത്തുള്ള കൃഷിയിടങ്ങളിൽ വെറുതെ കറങ്ങി നടക്കും. പുതിയ മൊട്ടുകളും കായ്കളും എനിക്കെന്നും അത്ഭുതമായിരുന്നു. മഴ നനയരുതെന്നു  പറഞ്ഞിട്ടുണ്ടെങ്കിലും ഞാനതു വകവച്ചില്ല. നനഞ്ഞു കുതിർന്നു ചെന്നപ്പോഴൊക്കെ ആ വലിയ മാറിൽ വാത്സല്യത്തോടെ ചേർത്തു നിർത്തി തല തോർത്തിത്തരും. അച്ഛൻറെ മണം കർപ്പൂരത്തിന്‍റെയോ കുന്തിരിക്കത്തിന്‍റെയോ ആയിരുന്നു. എവിടെ നിന്നാണ് അച്ഛന്‍റെ ദേഹത്ത് ആ മണം വന്നത്? അങ്ങാടിയിലെ പച്ചമരുന്നു കടയിലും കുരിശുപള്ളിയിലും അച്ഛൻ ജോലിക്കു പോയിരുന്നു. അതോ അമ്മക്കുവേണ്ടി തയാറാക്കിയിരുന്ന മരുന്നിന്‍റെയോ കുഴമ്പിന്‍റെയോ? അറിയില്ല. 

കിഴക്കൻ മലയോരത്തു ഒറ്റപ്പെട്ടു കിടക്കുന്ന കുന്നിൻ തുരുത്ത്. അവിടം കൃഷിക്കനുയോജ്യമാക്കിയതു കുടിയേറ്റക്കാരാണ്. പള്ളി, എൽപി സ്‌കൂൾ, ഒരു പലചരക്കു കട. ലോകം ഇത്രയേ ഒള്ളു എന്നാണ് കുട്ടിക്കാലത്തു കരുതിയത്.  പള്ളി സ്‌കൂളിൽ, മൂന്നിൽ നിന്നു നാലിലേക്കു കടക്കുമ്പോഴാണ്‌ അമ്മ പോയത്. ശവമടക്കാൻ മണ്ണില്ലായിരുന്നു. പുറമ്പോക്കിലെ ഓലക്കുടിലിനു മുൻപിൽ വട്ടം കൂടി നിന്ന നാട്ടുകാരോടു വികാരിയച്ചനാണ്‌ ത്രേസ്യായെ പള്ളിപ്പറമ്പിൽ അടക്കാമെന്നു പറഞ്ഞത്. അമ്മയുടെ പേരു ത്രേസ്യാ എന്നല്ലാ എന്ന് എനിക്കു തീർച്ചയായിരുന്നു. എങ്കിലും ഞാനതു വിളിച്ചു പറഞ്ഞില്ല. ഈ മലമ്പ്രദേശത്തു പണിതേടിയെത്തിയ ഞങ്ങളെക്കുറിച്ചു അന്നവിടെ ഉണ്ടായിരുന്നവർക്കു വലിയ പിടിപാടൊന്നും ഉണ്ടായിരുന്നിരിക്കില്ല. അഥവാ അറിയാമായിരുന്നവർ വികാരിയച്ചന്‍റെ നല്ല മനസ്സിന് കൂട്ടുനിന്നതുമാകാം.

അമ്മയുടെ വേർപാട് ഉണങ്ങാത്ത മുറിവാണ്‌ എനിക്കും അച്ഛനും സമ്മാനിച്ചതെങ്കിലും ഞങ്ങൾ പരസ്പരമതു മറച്ചുപിടിച്, ദീർഘ നിശ്വാസങ്ങളിലൊതുക്കി, നല്ല കൂട്ടുകാരായി.

സ്‌കൂളില്ലാത്തപ്പോൾ അച്ഛന്‍റെ പിന്നാലെ കൂടും. നൂറായിരം ചോദ്യങ്ങൾക്കും ക്ഷമയോടെ ഉത്തരം തരും. ഓരോന്നു ചെയ്യുമ്പോഴും ഒരനുബന്ധ കഥ പറഞ്ഞുതരും. വെയിലുവന്നു മണ്ണിനോട് സ്വകാര്യം പറയുന്നതും അതുകേട്ടു പയറു മുളപൊട്ടി മണ്ണിനു പുറത്തു വന്നു വള്ളിയായി പടരുന്നതുംമറ്റും അത്തരം കഥകളിൽപെട്ടതാണ്.  തനിച്ചായിരിക്കുമ്പോൾ ഏതോ ഒരു തമിഴ് പാട്ടു തുടർച്ചയായി മൂളിയിരുന്നു. ഞാനടുത്തു ചെല്ലുമ്പോളതു നിർത്തും.

പന്ത്രണ്ടാ൦ പിറന്നാളിന് ശർക്കരക്കഞ്ഞി വെച്ചുതന്നതോർമ്മയുണ്ട്. ഇടവപ്പാതിക്കാലത്തു മഴ വകവെക്കാതെ അടുത്ത പുരയിടത്തിലെ പ്ലാവിൽ കയറിയതാണ്. കാൽവഴുതി വീണു. പുറമെ പരുക്കൊന്നും കണ്ടില്ല. കടുത്ത തലവേദനയുണ്ടെന്നു പറഞ്ഞു കിടന്നു. പിന്നെ ഉണർന്നില്ല. ഒന്നും മിണ്ടാതെ, പറയാതെ അച്ഛനുമങ്ങുപോയി.

കൃഷിയിടത്തിൽ പുതുതായി വിരിയുന്ന പൂവും കായും കാണിച്ചു തന്നിട്ടു അതേക്കുറിച്ചെന്നോടു  വിവരിക്കും മുമ്പ് അച്ഛന്‍റെ മുഖത്തൊരു ചിരിയുണ്ട്. അതു പോലൊരു ചിരി ആ മുഖത്തു ബാക്കി നിന്നിരുന്നു. എന്തായിരിക്കും എന്നോട് പറയാതെ പറഞ്ഞത്?

ദൂരെയേതോ നാട്ടിൽനിന്നുവന്ന ഒരു കുടുംബം എന്നെ ഏറ്റെടുക്കുന്നതോടെയാണ് എന്‍റെ യാത്ര തുടങ്ങുന്നത്. വിങ്ങിപ്പൊട്ടി എന്നെച്ചേർത്തുപിടിച്ചന്നു വികാരിയച്ചൻ പറഞ്ഞു:

“കുഞ്ഞെ, വേറൊരു വഴിയുമില്ല”.

ദീനം പിടിപെട്ട അമ്മയുടെ കിടപ്പും അച്ഛന്‍റെ മരണവും കണ്ട എനിക്കു, വികാരിയച്ചന്‍റെ ഹൃദയമിടിപ്പ് നിർവികാര്യതയോടെ കേട്ടുനിൽക്കാനേ കഴിഞ്ഞൊള്ളു. ശ്വാസമെടുക്കാൻ പാടുപെട്ടുകൊണ്ടദ്ദേഹം പറഞ്ഞതിപ്പോഴും ഓർമ്മയിലുണ്ട്.

“ഒന്നിലും തളരരുത്. നീ നീയായിരിക്കണം. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം”. ആ പ്രാർത്ഥന ആരെങ്കിലും കേട്ടിരുന്നോ ആവോ?

എന്നെ ഏറ്റെടുത്ത കുടുംബത്തിന്‍റെ സ്ഥിതി അത്ര  മെച്ചമായിരുന്നില്ല. കുറെ കഴിഞ്ഞപ്പോൾ അവരെന്നെ മറ്റൊരു വീട്ടുകാർക്ക് കൈമാറിയിട്ടു മറ്റെങ്ങോ പോയി. പിന്നീട് പലതവണ വീടുകൾ മാറി. പഠനം പണ്ടേ മുടങ്ങിയ എന്നെ വീട്ടു വേലയ്ക്കാണ് പലരും കൊണ്ടുപോയത്. ആ പണി നേരെചൊവ്വെ ചെയ്യാനറിയാത്തതിനാൽ ഞാനാർക്കും വേണ്ടാതായി. ആരോരുമില്ലാതായപ്പോഴാണ് അച്ഛനെയും അമ്മയേയും അടക്കിയ മണ്ണിലെത്തണമെന്നു തോന്നിയത്.

ഏറെ അലച്ചിലുകൾക്കൊടുവിലാണ് പഴയ നാടും, ചിതല് തിന്നുതീർക്കാത്ത കുടിലും കണ്ടെത്തിയത്. നാടും ഇടവകയുമൊക്കെ ഏറെ മാറിപ്പോയിരുന്നു. സ്‌കൂൾ പോലും അടുത്ത നഗരത്തിലേക്ക് ചേക്കേറി.

അടുക്കളപണിക്കു ആരും നിർത്തിയില്ല. കൂലിപ്പണിയായിരുന്നു ആശ്രയം. ഇത്തിരിപ്പോന്ന കൊലുന്നു പെണ്ണിനു ആരു പണിതരാനാണ്. ഒടുവിൽ മനസ്സും ശരീരവും ചവുട്ടി മെതിച്ചപ്പോൾ അതി ജീവനമായിരുന്നു പ്രശനം. ഉപാധികളുണ്ടായിരുന്നില്ല. പകലു തിരിച്ചറിയാത്തവർ രാത്രി പരിചയം പുതുക്കാൻ തുടങ്ങിയപ്പോൾ വഴങ്ങിക്കൊടുത്തതല്ല. വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. അതി ക്രൂരമായി പീഡിപ്പിച്ചവരെയും, സിഗരറ്റിനു കുത്തിയവരെയും, ആവശ്യം കഴിഞ്ഞു പിഴച്ചവളെന്നു വിളിച്ചു മുഖത്തടിച്ചവരെയും സഹിച്ചത് പിടിച്ചുനിൽക്കാൻ മാത്രമാണ്. വിശപ്പടക്കാനാണ്. വിശപ്പു മനുഷ്യന്‍റെമേലുള്ള ശാപമാണ്. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനുള്ള ശിക്ഷ.

വീണ്ടും ഇങ്ങോട്ടേക്കു വരുമ്പോൾ എന്‍റെ ഏറ്റവും വലിയ പ്രതീക്ഷ വികാരിയച്ചനായിരുന്നു, ക്രിസ്മസ് അപ്പൂപ്പന്‍റെ മുഖമുള്ള, അതിർ വരമ്പുകളില്ലാതെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന  ആ നല്ലാത്മാവ് അപ്പോഴേക്കും ഫോട്ടോയായി ചുമരിൽ സ്ഥാനം പിടിച്ചിരുന്നു.

അമ്മയെയും അച്ഛനെയും അടക്കിയ കുഴിമാടത്തിൽ പോയിരിക്കും. വെറുതെ കരയും. പണ്ട് ഓടിക്കളിച്ചിരുന്ന കുരിശുപള്ളി പുതുക്കി പണിതപ്പോൾ പുതുതായെത്തിയ രൂപങ്ങൾ കണ്ടഭാവം നടിച്ചില്ല. അൾത്താരക്കു മുന്നിൽ തൊഴു കൈകളുമായി നിൽക്കുമ്പോൾ  അവിടിരിക്കുന്ന ബൈബിളിൽ നിരാശയോടെ കണ്ണുടക്കും. വികാരിയച്ചന്‍റെ വാക്കുകളോർമ്മവരും.

“ദൈവത്തിൽ ആശ്രയിക്കുന്നവൻ അനുഗ്രഹീതൻ, അവന്‍റെ പ്രത്യാശ ദൈവം തന്നെ” (Jeremiah 17:7). “ദരിദ്രർ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല: പാവങ്ങളുടെ പ്രത്യാശ എന്നേക്കുമായി അസ്തമിക്കുകയുമില്ല” (സങ്കീർത്തനം 9:18).  അമ്മയെയും അച്ഛനെയും നഷ്ടമായപ്പോൾ എനിക്ക് പിടിവള്ളിയായതു ഈ രണ്ടു വചനങ്ങളാണ്. എത്രയോ  കേണപേക്ഷിച്ചു. മുട്ടിപ്പായി പ്രാർത്ഥിച്ചു. പക്ഷെ എന്‍റെ പ്രത്യാശകളെല്ലാം വൃഥാവിലായതു പോലെ. 

ആരോരുമില്ലാത്തൊരവസ്ഥ ഭയാനകമാണ്.  ഈ നരക യാതനകളിൽനിന്നുള്ള രക്ഷ മരണം മാത്രമായിരുന്നു. ഏകമാർഗമേ മുന്നിലുണ്ടയിരുന്നൊള്ളു. പക്ഷെ എന്തുവന്നാലും ഞാനായിട്ടതു ചെയ്യില്ല, പകരം എന്‍റെ ജീവനങ്ങെടുത്തുകൊള്ളാൻ  അറിയാവുന്ന എല്ലാ ദൈവങ്ങളോടും യാചിച്ചു.  ആരും കണ്ണു  തുറന്നില്ല.

രാത്രികാലങ്ങളിൽ ബൈക്കിലാണ് എന്നെ കാമിക്കാൻ പലരും വന്നിരുന്നത്. ഒരിക്കലൊരു പകലിൽ റോഡുവക്കിൽ കാർ നിർത്തിയപ്പോൾ വെറുതെ, ആരാണെന്നറിയാൻ പുറത്തേക്കു തല നീട്ടിയതാണ്‌. വെളുത്തു തടിച്ച ഒരു കന്യാസ്ത്രി എന്റടുത്തേക്കു വരുന്നു. അവരെന്‍റെ പേരുവിളിച്ചു. എന്‍റെ പേര്  ഞാൻ കേട്ടകാലം തന്നെ മറന്നിരുന്നു.

അവർ എന്തൊക്കെയോ ചോദിച്ചു. ഞാനെന്താണു പറഞ്ഞതെന്നു ഇന്നും ഓർമ്മയില്ല. പഴയ എൽപി സ്‌കൂളിലെ ടീച്ചറാണെന്നു പറഞ്ഞെങ്കിലും എനിക്കവരെ തീരെ പിടിച്ചില്ല. ഭയമാണ് തോന്നിയത്. അവരുടെകൂടെ ചെല്ലാനാവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സൗമ്യമായി എന്‍റെ കയ്യിലവർ മുറുകെ പിടിച്ചിരുന്നു. അനുഭവിച്ചതിലും വലുതായതെന്തോ സംഭവിക്കാൻ പോകുന്നതായി ഒരുൾഭയം.  അലറിക്കരഞ്ഞു.  എനിക്കു മരിച്ചാൽ മതിയെന്നു പറഞ്ഞതും അവരെന്നെ വലിഞ്ഞുമുറുക്കി കെട്ടിപിടിച്ചു എന്നിട്ടു മെല്ലെ കാറിനടുത്തേക്ക് കൊണ്ടുപോയി. എന്‍റെ സർവ്വ ശക്തിയും ചോർന്നു പോയിരുന്നു. 

ഓർമ്മവരുമ്പോൾ നഗരത്തിലെ മഠത്തിലാണ്. അവരെന്‍റെ കാൽചുവട്ടിൽ കണ്ണടച്ചിരുപ്പുണ്ട്. അവരുടെ ഒരു കൈ എന്‍റെ കാലിൽ തൊടുന്നുണ്ട്, അതിലൂടെ വന്നചൂട് എന്‍റെ മനസ്സിനു മുമ്പില്ലാത്ത ബലമേകിയോ.

 വർഷങ്ങളോളം ഞാനവരുടെ സംരക്ഷണയിലായിരുന്നു. കഴുകന്മാർ എല്ലായിടത്തുമുണ്ട് വിദ്യാഭ്യാസം കൂടിയേതീരു എന്നുപറഞ്ഞെന്നെ മഠത്തിനോടു ചേർന്നുള്ള സ്‌കൂളിലെ എട്ടാം ക്‌ളാസിൽ ചേർക്കുമ്പോൾ പ്രായകുടുതൽ എനിക്കു ജാള്യതയുളവാക്കി.  ശരീര വളർച്ച ഇല്ലാതിരുന്നതിനാൽ പ്രായത്തെ കുറിച്ചാരും സംശയിച്ചില്ല. സ്‌കൂൾ രേഖകളൊക്കെ ടീച്ചറമ്മ തയ്യാറാക്കിയതാണ്. അതാണിപ്പോഴും എന്‍റെ ഔദ്യോഗിക രേഖകൾ.  

പി. എസ്. സി. പരീക്ഷ പാസ്സായി വില്ലേജ് ഓഫീസിൽ ജോലിക്കു ചേരുന്നതിനു മുന്നോടിയായി സ്‌കൂൾ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ആധിയായി. പക്ഷെ ഒന്നുമുതൽ പഠിച്ച രേഖകളെല്ലാം സ്‌കൂളിൽ ഭദ്രം. അഞ്ചാം ക്ലാസ്സിനും പത്താം ക്ലാസ്സിനുമിടയിൽ പൊട്ടിപ്പോയതെല്ലാം ടീച്ചറമ്മ ഭംഗിയായി തുന്നിച്ചേർത്തിരുന്നു,  സ്കൂൾ രേഖകൾ മാത്രമല്ല ഇഴയറ്റുപോയ എന്‍റെ മനസ്സും ജീവിതവുമുൾപ്പടെ.  

ഒരു മകളെപ്പോലാണു വളർത്തിയത്. കന്യാസ്ത്രി ആകണമെന്നായിരുന്നു എന്‍റെ അഗ്രഹം. അതുപറയുമ്പോഴൊക്കെ ടീച്ചറമ്മ ചിരിക്കും. എന്നിട്ടു പറയും:

“നീ പഠിച്ചു മിടുക്കിയാകൂ.

നീ ചെയ്യേണ്ട ജോലി ദൈവം കാണിച്ചുതരും.

അതു നീ ഭംഗിയായി ചെയ്താൽ മതി”. 

ടീച്ചറമ്മ ഒരു കോട്ടപോലെ കൂടെയുണ്ടായിരുന്നതുകൊണ്ടു എല്ലാം എളുപ്പമായിരുന്നു  എന്ന് കരുതിയെങ്കിൽ തെറ്റി. കണക്കും സയൻസും ഭാഷകളുമെല്ലാം ഞാനുമായി കലഹിച്ചില്ല. കാരണം എനിക്കതൊന്നും അറിയില്ലായിരുന്നു. അഞ്ചാമത്തെ ശ്രമത്തിലാണ് പത്താം  ക്ലാസു പാസ്സാകുന്നത്. പ്രീഡിഗ്രി രണ്ടുതവണ എഴുതി. ഡിഗ്രി കഴിയാറായപ്പോഴേക്കും ഞാനൊരു വലിയ പെൺകുട്ടിയാണെന്നു  എനിക്കുതന്നെ തോന്നിയിരുന്നു. ഫൈനൽ പരീക്ഷ തോറ്റപ്പോ  ടീച്ചറമ്മ പറഞ്ഞു, “ഇനി മതി, നമുക്ക് മറ്റു വല്ല വഴിയും നോക്കാം”. പക്ഷെ ഞാനുപേക്ഷിച്ചില്ല  ഒടുവിൽ ഒരുവിധം കടന്നു കൂടുമ്പോൾ എന്നേക്കാൾ ആഹ്ളാദിച്ചതു ടീച്ചറമ്മയാണ്.  

എത്ര പരാജയപ്പെട്ടാലും ഒരു വിജയം നിങ്ങൾക്ക് അർഹതപ്പെട്ടതാകും. അത് ഏതായിരിക്കണമെന്നു നിങ്ങൾ തീരുമാനിക്കുകയെ വേണ്ടു. എനിക്കതു പി. എസ്. സി. പരീക്ഷയായിരുന്നു.  നാല്പതിനായിരത്തിനു മുകളിൽ അപേക്ഷകരുണ്ടായിരുന്ന ജോലിക്കു ആകെ ഒഴിവുണ്ടായിരുന്നതു ആയിരത്തിൽ താഴെമാത്രം. നേടുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ വാശിയായിരുന്നു. ജീവിതത്തിലാദ്യമായി നേടിയ ആ വിജയം എന്‍റെ മറ്റെല്ലാ പരാജയങ്ങളെയും തുടച്ചു നീക്കി.

വില്ലേജ് ഓഫീസിൽ ക്ലർക്കായി തുടക്കം. പിന്നെയും ഓരോ കടമ്പകൾ. ഔദ്യോഗിക ജീവിതത്തിന്‍റെ ഇരുപതാം വർഷം സബ് കലക്ടറായി നിയമനം.

ദാ ഇപ്പോഴും നല്ല മഴയാണ്. യോഗം തുടങ്ങാൻ ഇനിയും വൈകും. എട്ടാം ക്ലാസ്സുമുതൽ പഠിച്ച സ്‌കൂളിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ പങ്കടുക്കാനെത്തിയതാണ് ഞാനും കുട്ടികളും. പുതുതായി ചുമതലയേറ്റെടുത്ത സബ് കലക്ടർക്കു നാട്ടുകാരും സ്‌കൂൾ അധികൃതരും നൽകുന്ന അനുമോദനമാണ്.

ടീച്ചറമ്മ ഇന്നില്ല. സ്‌കൂൾ ഓഡിറ്റോറിയത്തിനു പുറത്തെ വരാന്തയിൽ മഴവകവെക്കാതെ കളിച്ചു തിമിർക്കുന്ന കുട്ടികളിൽ മുപ്പതോളം വരുന്ന പെണ്കുട്ടികൾക്ക് ഞാനിന്നു ടീച്ചറമ്മയാണ്. മഴ ഭയപ്പെടുത്താതെ, എന്‍റെ ചൂടും ചൂരും നൽകി, ഞാനവരെ സംരക്ഷിക്കുന്നു, ടീച്ചറമ്മ എന്നെ നോക്കിയിരുന്നതുപോലെ. എന്‍റെ അമ്മയുടെ പേരിൽ തുടങ്ങിയ കരുണ എന്ന അഭയകേന്ദ്രത്തിൽ ഞങ്ങളാരും അനാഥരല്ല.

ഒന്നിന്‍റെയും അതിർ വരമ്പുകളില്ലാതെ, ഞാൻ ഞാനായി, കാലം എന്നെ ഏല്പിച്ച കടമകളുമായി മുന്നോട്ട്.   

പുറത്തു മഴ മാറി.

തണുത്ത കാറ്റുവീശി.

കർപ്പൂരത്തിന്‍റെയോ കുന്തിരിക്കത്തിന്‍റെയോ മണം. 

#

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s